25 March, 2023 04:56:27 PM
ബിജെപി നേതാവ് ഖുശ്ബുവിന്‍റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്‍റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ.
'മോദി എന്നതിന്‍റെ അർത്ഥം അഴിമതി എന്നാക്കി മാറ്റാമെന്ന്' 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതാണിപ്പോൾ വൈറലായിരിക്കുന്നത്.
ക്രിമിനൽ മാനനഷ്ട കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാവിധിക്ക് പിന്നാലെയാണ് ലോക്സഭാ സെക്രട്ടറി രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കിയത്. കള്ളന്മാർക്കെല്ലാം 'മോദി'യെന്ന പേര് എന്തുകൊണ്ടുവന്നു എന്നു ചോദിച്ചതിനാണ് ബിജെപി എംഎൽഎയുടെ മാനനഷ്ട പരാതിയിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം തടവ് വിധിച്ചത്.
'മോദി എന്നതിന്‍റെ അർത്ഥം അഴിമതി എന്നാക്കാം. അതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി' – എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാക്കൾ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്നും പ്രവർത്തകർ ചോദിക്കുന്നുണ്ട്.
ഖുശ്ബു സുന്ദർ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ചിരുന്നതല്ലാതെ തന്‍റെ പഴയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുകയോ ട്വീറ്റ് പിൻവലിക്കുകയോ ചെയ്തിട്ടില്ല.