24 March, 2023 04:00:55 PM


രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ഒരു മാസ സമയം



ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് തുടര്‍ന്ന്  ഔദ്യോഗിക വസതി ഒഴിഞ്ഞു നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ഡല്‍ഹി തുഗ്ലക് ലൈനിലെ 12-ാം നമ്പര്‍ വീട് ഒഴിഞ്ഞു നല്‍കാന്‍ രാഹുലിന് ഒരു മാസം സമയം അനുവദിച്ചു. 


രാഹുലിന്‍റെ അയോഗ്യത സംബന്ധിച്ച ഉത്തരവ് ലെയ്സൺ ഓഫീസർ, എസ്റ്റേറ്റ്സ് ഡയറക്ടറേറ്റ്, പാർലമെന്‍റ് അനെക്സ് എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്.  


'മോദി' പരാമർശത്തിലെ മാനനഷ്ട കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.


'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്.


രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. 'എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്' എന്നായിരുന്നു രാഹുലിന്‍റെ പരാമർശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K