23 March, 2023 09:36:50 PM
'എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് മോദി'; രാഹുൽ ഗാന്ധിക്ക് ശിക്ഷ ലഭിച്ച പ്രസംഗം
ന്യൂഡൽഹി: മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മാനനഷ്ട കേസില്‍ രണ്ട് വര്‍ഷം ജയില്‍വാസമാണ് സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച ശിക്ഷ. 2019 ഏപ്രില്‍ 13ന് കർണാടകയിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ അന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. 'എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് മോദി'യെന്ന് വരുന്നു എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.
ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകിയത്. നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. അതേസമയം രാഹുലിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
വിവാദമായ പ്രസംഗം ഇങ്ങനെ...
'എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കിൽ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളൻമാരുടേയും പേരിൽ 'മോദി' എന്നുള്ളത്. ഇനിയും എത്ര മോദിമാർ വരുമെന്ന് നമുക്കറിയില്ല'. ബാങ്കിൽനിന്ന് കോടികൾ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അനിൽ അംബാനി, നീരവ് മോദി എന്നിവരെ പോലുള്ള ബിസിനസുകാർക്കെതിരേ ഇതുവരെ ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല. എന്നാൽ വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകരെ ജയിലിലടയ്ക്കും. അനിൽ അംബാനിയുടെ പണം രാജ്യത്തെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യണം.
പാവപ്പെട്ടവർ, കച്ചവടക്കാർ, കർഷകർ, വ്യാപാരികൾ എന്നിവരുടെ കയ്യിൽനിന്ന് മോദി പണം മോഷ്ടിക്കുകയാണ്. എന്നിട്ട് ആ പണം രാജ്യത്ത് നിന്നും കടന്ന് കളഞ്ഞ നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്സി, വിജയ് മല്ല്യ എന്നിവർക്ക് നൽകും. കോൺഗ്രസ് ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചൗക്കിദാറിന്റെ മുഖം മാറി. ന്യായ് പദ്ധതി നടപ്പിലാക്കാൻ പണം എവിടുന്ന് ലഭിക്കുമെന്ന് മോദി ചോദിച്ചു. എന്നാൽ പറയട്ടെ മോദിജി, ന്യായ് പദ്ധതി നടപ്പിലാക്കാനുള്ള പണം താങ്കളുടെ സുഹൃത്ത് അനിൽ അംബാനി തരും.
കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ അഞ്ച് വർഷത്തെക്കായി പാവപ്പെട്ട സ്ത്രീകളുടെ പേരിൽ 3.60 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കും. എന്നാൽ മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. 2014-ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുത്ത വാക്കുകളൊന്നും മോദി പാലിച്ചില്ല. ഓരോ പൗരന്റേയും ബാങ്ക് അകൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. യുവാക്കൾക്ക് വർഷത്തിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ഇപ്പോള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുണ്ടോ? തൊഴില്‍രഹിതയാവർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് ബിജെപിയുടെ പ്രകടനപത്രികയിൽ ഒന്നും ചർച്ച ചെയ്തിട്ടില്ല. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്'.