23 March, 2023 03:36:21 PM
മേൽക്കോടതി നിലപാട് ഇനി രാഹുലിന്‍റെ രാഷ്ട്രീയ ഭാവിക്ക് നിർണ്ണായകമാകും
ന്യൂഡൽഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ പരമാവധി ശിക്ഷയായ 2 വർഷം തടവ് കിട്ടിയതോടെ അയോഗ്യതാ ഭീഷണിയിലാണ് രാഹുൽ. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുലിന്‍റെ രാഷ്ട്രീയ ഭാവിക്ക് നിർണ്ണായകമാകും.
രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ ശിക്ഷ വിധിക്കുന്ന അന്നു മുതൽ അയോഗ്യരാവും.
നിലവിൽ 30 ദിവസത്തെ ജാമ്യമാണ് ശിക്ഷ വിധിച്ച സൂറത്ത് കോടതി അനുവദിച്ചത്. മേൽകോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ജന പ്രാതിനിധ്യ നിയമപ്രകാരം രാഹുൽ അയോഗ്യനാവുന്നതിനൊപ്പം പിന്നീട് 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഉണ്ടാവും. ഇത് രാഹുലിന്‍റെ രാഷ്ട്രീയ ഭാവിയെ എന്നതു പോലെ തന്നെ കോൺഗ്രസിന്‍റെ രാഷ്ട്രീയ ഭാവിക്കും വലിയ വിള്ളൽ ഉണ്ടാക്കും എന്നതിൽ സംശയമില്ല.
2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിൽ വച്ചായിരുന്നു രാഹുലിന്‍റെ മോദി പരാമർശം. മോദി സമുദായത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് കോടതി നടപടി. 'വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ ചേർത്ത് എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരാണുള്ളത്' എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. പരാതി നൽകി 4 വർഷത്തിനു ശേഷമാണ് വിധി.