22 March, 2023 12:10:03 PM


നികുതി വെട്ടിപ്പ്: ബെംഗളൂരു ശോഭ ഡെവലപ്പേഴ്സിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി



ബെംഗളൂരു: ബെംഗളുരു ശോഭ ഡെവലപ്പേഴ്സിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. വൈറ്റ് ഫീൽഡിലെ ഹൂഡി, ബന്നർഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളി ഓഫീസുകളിലടക്കം അഞ്ചിടങ്ങളിലാണ് റെയ്‍ഡ് നടത്തിയത്.


പത്ത് ഉദ്യോഗസ്ഥർ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിൽ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്‍ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചതെന്നാണ് സൂചന.


‌മണിക്കൂറുകളോളം നീണ്ട റെയ്ഡിന് ശേഷം വൈകുന്നേരത്തോടെയാണ് ഐടി ഉദ്യോഗസ്ഥർ ശോഭ ഡെവലപ്പേഴ്‌സിന്‍റെ ഓഫീസിൽ നിന്ന് തിരിച്ചുപോയത്. നികുതി വെട്ടിപ്പ് സംബന്ധിച്ച നിരവധി രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.


സർജാപൂരിലെ ആസ്ഥാനത്തും ബെംഗളൂരുവിന്‍റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിക്ക് സമീപം കമ്പനി പ്രവർത്തിക്കുന്ന മൂന്ന് ഫാക്ടറികളിലും റെയ്ഡ് നടത്തി. ഈ ഫാക്ടറികൾ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കായി തടി, അലുമിനിയം, കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നവയാണ്.


ശോഭ ഡെവലപ്പേഴ്‌സില്‍ റെയ്ഡ് നടത്തിയെന്ന വാർത്തയെത്തുടർന്ന്, തിങ്കളാഴ്ച അതിന്‍റെ ഓഹരികൾ ഗണ്യമായി ഇടിഞ്ഞു. ജനുവരിയിൽ, വ്യാജ രേഖകൾ ഹാജരാക്കി പദ്ധതിക്ക് അനുമതി നേടിയെന്ന് ആരോപിച്ച് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ രംഗത്ത് വന്നതോടെ കമ്പനി വാർത്തകളിൽ ഇടംനേടിയിരുന്നു.


റിയൽ എസ്റ്റേറ്റ് ബിസിനസിനൊപ്പം ബെംഗളൂരു, കർണാടക എന്നിവിടങ്ങളിൽ പണമിടപാട് നടത്തുന്ന ബിസിനസ്സിലും കമ്പനി ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ ദുബായ് പോലുള്ള രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K