20 March, 2023 03:58:18 PM
ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്റ്റർ ചെയ്യണം; ഹർജി തളളി സുപ്രീം കോടതി
ന്യൂഡൽഹി: ലിവിങ് ടുഗതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചട്ടം രൂപീകരിക്കണമെന്ന സർക്കാർ നിർദ്ദേശം തളളി സുപ്രീം കോടതി. യാതൊരു കാര്യവുമില്ലാത്ത ഹർജിയാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.
ആളുകൾ ലിവിങ് ടുഗതർ ബന്ധങ്ങളിൽ ഏർപ്പെടുന്നതാണോ അതോ അവരുടെ സുരക്ഷിതത്വമാണോ പ്രശ്നമെന്ന് ഹർജിക്കാരിയോട് കോടതി ചോദിച്ചു. സുരക്ഷയാണ് പ്രശ്നമെന്ന് ഹർജിക്കാരിയായ മമത റാണി മറുപടി നൽകി. കേന്ദ്ര സർക്കാർ ഇത്തരം കാര്യങ്ങളിൽ എന്ത് ചെയ്യാനാണെന്ന് കോടതി ചോദിച്ചു. ഇത്തരം ബുദ്ധി ശൂന്യമായ ഹർജികളിൽ പിഴ ഇടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും കോടതി വ്യക്തമാക്കി.
ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയിൽ എത്തിയ പൊതുതാൽപര്യ ഹർജി. ഇതിനായി ചട്ടങ്ങളും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കുന്നതിന് കോടതിയുടെ നിർദ്ദേശം ഉണ്ടാവണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ലിവിങ് ടുഗതർ ബന്ധങ്ങളിൽ കൊലപാതകങ്ങൾ കൂടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി.