18 March, 2023 01:07:44 PM


വെള്ളത്തിൽ മുങ്ങി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ



ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് ദിവസം മുമ്പ്  ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.


"എന്‍റെ കാർ വെള്ളക്കാട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടർന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്‍റെ കാർ നന്നാക്കിതരാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർത്ഥിക്കുകയാണ്. പ്രധാനമന്ത്രി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാൽ ആ റോഡ് അദ്ദേഹം പരിശോധിച്ചിരുന്നോ? ഉദ്ഘാടനത്തിന് തയാറായതാണോ എന്ന് ഗതാഗത മന്ത്രാലയം പരിശോധിച്ചോ?"-  വികാസ് എന്ന യാത്രക്കാരൻ ചോദിച്ചു.


യാത്രക്കാരുടെ പ്രതിഷേധത്തിന്‍റെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. ഉയർന്ന ടോൾ നിരക്ക്, പൂർത്തിയാകാത്ത ജോലി, ആശുപത്രികൾ, ടോയ്‌ലറ്റുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുൾപ്പെടെ ഒന്നിലധികം വിഷയങ്ങളിൽ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ്, ജെഡിഎസ് പ്രവർത്തകരുടെയും മറ്റ് സംഘടനകളുടെയും ഒന്നിലധികം പ്രതിഷേധങ്ങൾക്ക് എക്‌സ്പ്രസ് വേ സാക്ഷ്യം വഹിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K