17 March, 2023 10:49:26 AM


അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർന്ന പ്രതി പിടിയിൽ



ചെന്നൈ: കോളേജ് അധ്യാപിക പിന്തുടർന്നെത്തി തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർ‌ന്ന പ്രതി പിടിയിൽ. തിരിക്കാട്ടുപള്ളി സ്വദേശി സെന്തിൽ‌ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അണ്ണാ യുണിവേഴ്സിറ്റി പ്രൊഫസറായ സീതാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്.


കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളി ബസ് സ്റ്റാൻഡിന് പിന്നിലെ റോഡിലാണ് അധ്യാപിക ആക്രമിക്കപ്പെട്ടത്. വഴിയോരത്തുകൂടി നടക്കാനായി കളക്ടറേറ്റ് റോഡിന് സമീപം ഇവർ സ്കൂട്ടർ പാർക്ക് ചെയ്തു. ഇത് സെന്തിൽ കുമാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് സീതാലക്ഷ്മിയുടെ പിന്നാലെ എത്തിയ സെന്തിൽ കമ്പ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി ഫോണും സ്കൂട്ടറിന്‍റെ താക്കോലും കൈക്കലാക്കി.

അധ്യാപികയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം വലിച്ചിഴത്ത് സമീപത്തേക്ക് മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സീതാലക്ഷ്മിയുടെ പരാതിയിൽ ഇയാളെ പൊലീസ് പിടികൂടി. ഇതിനിടെ പ്രതിയുടെ കാലൊടിഞ്ഞു. സ്കൂട്ടറുമായി കടന്നപ്പോൾ ഡിവൈഡറിൽ ഇടിച്ച് ഇയാളുടെ കാല് ഒടിഞ്ഞതെന്നാണ് പൊലീസിന്‍റെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K