16 March, 2023 12:35:59 PM
മഹാരാഷ്ട്രയിൽ എച്ച്3 എൻ2 വൈറസ് ബാധിച്ച് 352 രോഗികൾ ചികിത്സയില്‍

മുംബൈ: മഹാരാഷ്ട്രയിൽ 352 പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി തനാജി സാവന്ത്. ഇവരുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രികളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു.
എച്ച്3എൻ2 മാരകമല്ല, വൈദ്യചികിത്സയിലൂടെ സുഖപ്പെടുത്താം. പരിഭ്രാന്തരാകേണ്ടതില്ല, താനാജി സാവന്ത് പറഞ്ഞു. ഇന്ത്യയിൽ ആകമാനം എച്ച്3എൻ2 വൈറസ് മൂലമുണ്ടാകുന്ന കേസുകളുടെ കുതിച്ചുചാട്ടമാണ് ഇപ്പോൾ കാണുന്നത്.
മാർച്ച് 9 വരെ രാജ്യത്ത് മൊത്തം 3,083 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കേസുകളുടെ വർധനയ്ക്കിടയിൽ മാസ്കുകളുടെ ഉപയോഗം, കൈകളുടെ മെച്ചപ്പെട്ട ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
 
                                
 
                                        



