15 March, 2023 04:12:13 PM
അമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ; 23കാരിയായ മകളെ ചോദ്യം ചെയ്തു
മുംബൈ: വീടിനുള്ളിൽ 55കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൾ അറസ്റ്റിൽ. മുംബൈയിലെ ലാൽബോഗ് പ്രദേശത്താണ് വീടിനുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ബിനാ ജെയിന്‍റെ മൃതേദഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് മൃതദേഹം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. 22കാരിയായ മകൾ റിംപിൾ ജെയിൻ ബിനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
ബിനയെ കാണാനില്ലെന്ന് കാട്ടി സഹോദരനും അനന്തിരവനും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ബിനയുടെ വീട്ടീൽ അന്വേഷണത്തിനായി എത്തിയത്. മൃതദേഹം കണ്ടെത്തിയതോടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്നു മാസം മുമ്പ് റിംപിൾ ബിനയെ കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ശേഷം മൃതദേഹം കപ്ബോർഡിൽ സൂക്ഷിച്ചു. മൃതദേഹത്തിന്‍റെ കൈകാലുകൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും പൊലീസ് അറിയിച്ചു.
റിംപിളിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.