15 March, 2023 02:33:55 PM
അടുത്തമാസം ഒന്നു മുതൽ രാജ്യത്തെ ടോൾ നിരക്കുകൾ വർധിക്കും
ന്യൂഡൽഹി: അടുത്തമാസം ഒന്നു മുതൽ രാജ്യത്തെ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും ടോൾ നിരക്കുകൾ അഞ്ചു മുതൽ 10 വരെ ശതമാനം വർധിപ്പിച്ചേക്കും. ഇതു സംബന്ധിച്ച ശുപാർശ ദേശീയ പാത അഥോറിറ്റി (എൻഎച്ച്എഐ) കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു നൽകിയെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രാലയം അംഗീകരിച്ചാൽ വർധന നിലവിൽ വരും.
2008ലെ നാഷണൽ ഹൈവേ ഫീ ചട്ടം അനുസരിച്ച് എല്ലാ വർഷവും ഏപ്രിൽ ഒന്നു മുതലാണു ടോൾ നിരക്കുകൾ പരിഷ്കരിക്കുന്നത്. ചെറിയ വാഹനങ്ങൾക്ക് അഞ്ചു ശതമാനവും ഭാരവാഹനങ്ങൾക്ക് 10 ശതമാനവും നിരക്കു വർധിപ്പിക്കാനാണു ശുപാർശ. നേരത്തേ, രാജ്യത്തെ മുഴുവൻ ടോൾ ഗേറ്റുകളും ഇല്ലാതാക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഓട്ടൊമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിച്ച് വാഹനം യാത്ര ചെയ്യുന്ന ദൂരത്തിന് അനുസൃതമായി ടോൾ നിരക്ക് ഈടാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇനിയുമായില്ലെന്നിരിക്കെയാണു ടോൾ നിരക്കുകൾ വർധിപ്പിക്കുന്നത്.
നിലവിൽ അടുത്തിടെ തുറന്നുകൊടുത്ത ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ കിലോമീറ്ററിന് 2.19 രൂപയാണു ടോൾ നിരക്ക്. ഇതുവഴി പ്രതിദിനം 20000 വാഹനങ്ങൾ യാത്ര ചെയ്യുന്നുണ്ട്. ആറു മാസത്തിനുള്ളിൽ ഇവിടത്തെ ഗതാഗതം 60000 വാഹനങ്ങൾ വരെയായി ഉയരുമെന്നാണു കരുതുന്നത്. ടോൾപ്ലാസകൾക്ക് 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് നിലവിൽ നിരക്കിളവുണ്ട്. ഇവർക്കു 10 ശതമാനം നിരക്കുവർധന ഏർപ്പെടുത്തിയേക്കും.