15 March, 2023 01:07:01 PM


സ്ത്രീയുടെ മൃതദേഹം വീപ്പയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി



ബെംഗളൂരു: റെയിൽവേ സ്റ്റേഷനിൽ വീണ്ടും സ്ത്രീയുടെ മൃതദേഹം. ഇത്തവണ വീപ്പയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നാമത്തെ സ്ത്രീയാണ് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്.


മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31നും 35നും ഇടയിൽ പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.


ഡിസംബറിൽ ബൈപ്പനഹള്ളിയിലും ജനുവരിയിൽ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതകങ്ങൾക്കു പിന്നിൽ സീരിയൽ കില്ലർ ആകുമെന്ന സംശയത്തിലാണ് പൊലീസ്.
കഴിഞ്ഞവർഷം ഡിസംബർ 6നാണ് ബൈപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിലെ കംപാർട്ടുമെന്‍റിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 4ന് ബെംഗളൂരു യന്ത്വന്ത്‌പുര റെയില്‍വേ സ്റ്റേഷനിൽ വീപ്പയ്ക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരും 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നു പൊലീസ് പറഞ്ഞു. എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. എസ്എംവിടി, യശ്വന്ത്പുര സ്റ്റേഷനുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കുമെന്നും കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വീപ്പ ഉപേക്ഷിച്ചവരെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K