11 March, 2023 03:27:23 PM


അയൺ ഗുളികകൾ കഴിച്ച വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ



ഊട്ടി: കൂട്ടുകാരുമായി മത്സരിച്ച് 45 അയൺ ഗുളികകൾ ഒരുമിച്ച് കഴിച്ച എട്ടാംക്ലാസുകാരി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവർക്ക് ലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ചു.


ഊട്ടിയിലെ ഉദഗമണ്ഡലം മുനിസിപ്പൽ ഉർദു മിഡിൽ സ്കൂൾ വിദ്യാർഥിനി ജെയ്ബ ഫാത്തിമ (13) ആണ് മരിച്ചത്. മറ്റ് അഞ്ച് വിദ്യാർഥികൾ ചികിത്സയിലാണ്.


തിങ്കളാഴ്ചയാണ് വിദ്യാർഥികൾ മത്സരിച്ച് അയൺ ഗുളികകൾ കഴിച്ചത്. ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് ഗുളിക നൽകാറുണ്ടായിരുന്നു. സംഭവദിവസം പ്രധാനാധ്യാപകന്‍റെ മുറിയിൽ സൂക്ഷിച്ച ഗുളികകൾ (വീക്കിലി അയൺ ആൻഡ് ഫോളിക് ആസിഡ് സപ്ലിമെന്‍റേഷൻ) എടുത്ത് കുട്ടികൾ കഴിക്കുകയായിരുന്നു. 


ആരാണ് കൂടുതൽ കഴിക്കുക എന്ന് ബെറ്റ് വെച്ചു. കൂടുതൽ കഴിച്ചത് ഫാത്തിമയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പെൺകുട്ടികൾ 10 വീതം ഗുളികകളും രണ്ട് ആൺകുട്ടികൾ മൂന്ന് വീതം ഗുളികകളും കഴിച്ചു. പിന്നീട് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതോടെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫാത്തിമയുടെ കരൾ പൂർണമായും പ്രവർത്തനരഹിതമായ അവസ്ഥയിലായിരുന്നു. കരൾ മാറ്റം നിർദേശിച്ച് കുട്ടിയെ ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇവിടേക്ക് കൊണ്ടുപോകും വഴി ആരോഗ്യാവസ്ഥ മോശമായതോടെ സേലത്തെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റ് കുട്ടികളുടെ അവസ്ഥ ഗുരുതരമല്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി. മരിച്ച ജെയ്ബ ഫാത്തിമയുടെ മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K