10 March, 2023 01:52:44 PM
എച്ച്3എന്‍2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം
ന്യൂഡൽഹി: എച്ച്3എന്‍2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എച്ച്3എന്‍2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്.
എച്ച്3എന്‍2 ഇൻഫ്ളുവെൻസ വൈറസ് പ്രതിരോധിക്കാൻ
വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
ആന്‍റിബയോട്ടിക്കുകള്‍ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.