10 March, 2023 01:03:29 PM
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാമെന്ന് വാഗ്ദാനം നല്‍കി; പണം തട്ടി
മുംബൈ: ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാമെന്ന് വാഗ്ദാനം നൽകി 16കാരിയിൽ നിന്ന് കവർന്നത് 55,000 രൂപ. ക്യാഷ് ഫോർ ഫോളോവേഴ്സ് തട്ടിപ്പിനാണ് മുംബൈയിലെ 16കാരി ഇരയായത്. സോണാലി സിങ് എന്ന അക്കൗണ്ട് വഴിയാണ് ഫോളോവേഴ്സിന് പണം വാഗ്ദനം നല്‍കി കബളിപ്പിച്ചത്.
ഒരു മണിക്കൂറിൽ 50,000 ഫോളോവേഴ്സ് ആക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെൺകുട്ടിയെ കെണിയിൽ വീഴ്ത്തിയത്. ഇതിനായി 2000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കൈവശമുണ്ടായിരുന്ന 600 രൂപയാണ് പെണ്‍കുട്ടി ആദ്യം അയച്ചുനൽകിയത്. പിന്നീട് സൊണാലി മറുപടി ഒന്നും നല്‍കിയില്ല.
നാലു ദിവസങ്ങൾക്ക് ശേഷം 600 രൂപ തികയില്ലെന്നും ഫോളോവേഴ്സിനെ കൂട്ടാന്‍ കൂടുതൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് സൊണാലി ചാറ്റ് ചെയ്തു. തുടർന്ന് തന്‍റെ കൈവശം പണമില്ലാത്തതിനാല്‍ പെണ്‍കുട്ടി പിതാവിന്‍റെ യുപിഐ ഐഡി ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് നൽകി. ഇത്തരത്തിൽ പലതവണയായി 55,000 രൂപയാണ് പെൺകുട്ടി അയച്ചുനൽകിയത്.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണം കൂടിയില്ലെങ്കിലും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോഴെല്ലാം പെണ്‍കുട്ടി പണം അയച്ചുകൊടുത്തുകൊണ്ടേയിരുന്നു. അക്കൗണ്ടിൽ നിന്നും വലിയ തോതിൽ പണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിതാവ് പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കേസെടുത്ത സൈബർ ക്രൈം സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.