02 March, 2023 04:23:06 PM
ഡല്‍ഹിയില്‍ മുന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി. സൗത്ത് ഡല്‍ഹിയില്‍ താമസിക്കുന്ന അജയ് പാല്‍(37), ഭാര്യ മോണിക്ക(32) എന്നിവരാണ് വ്യത്യസ്ത സമയങ്ങളിലായി വീട്ടില്‍വെച്ച് ജീവനൊടുക്കിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
ആദ്യം വിഷം കഴിച്ച് അജയ് പാല്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വായില്‍നിന്ന് നുരയും പതയും വന്നനിലയില്‍ അജയിനെ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ഭാര്യ മോണിക്ക സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലെത്തിയ മോണിക്കയും വിഷം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മോണിക്ക വീട്ടില്‍വെച്ച് വിഷം കഴിച്ചത്. പോലീസെത്തി വാതില്‍ പൊളിച്ച് വീടിനകത്ത് കയറിയെങ്കിലും മരിച്ചനിലയിലായിരുന്നു. ആത്മഹത്യയുടെ കാരണം കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.