01 March, 2023 01:26:17 PM


അമിതാഭ് ബച്ചന്‍റെ മുംബൈയിലെ വസതിക്കു നേരെ ബോംബ് ഭീഷണി



മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍റെയും ധർമേന്ദ്രയുടേയും മുംബൈയിലെ വസതികൾക്കു നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച അജ്ഞാതൻ ഇരു താരങ്ങളുടേയും വീടുകൾക്ക് സമീപം ബോംബ് സ്ഥാപിച്ചതായി അറിയിച്ചു.


ഇരുവരുടെയും മുംബൈയിലെ വസതികൾക്കു സമീപം ബോംബ് സ്ഥാപിച്ചുവെന്നായിരുന്നു സന്ദേശം. ഇതിനെ തുടർന്ന് നാഗ്പൂർ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ മുംബൈ ബോംബ് സ്ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി.


പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചന്‍റെ മുംബൈയിലെ ഏത് വസതിക്കു നേരെയാണ് ബോംബ് ഭീഷണി എന്ന് വ്യക്തമല്ല. ജൽസ, ജനക്, വാത്സ, പ്രതീക്ഷ എന്നീ വസതികളാണ് മുംബൈയിൽ താരത്തിനുള്ളത്. പ്രതീക്ഷയാണ് മുംബൈയിൽ ബച്ചൻ ആദ്യം വാങ്ങിച്ച ബംഗ്ലാവ്. ജൽസയിലാണ് അമിതാഭ് ബച്ചനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. മുംബൈ ജുഹുവിലാണ് ധർമേന്ദ്രയുടെ വസതി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K