01 March, 2023 01:24:39 PM
ഭാഗ്യം വരാൻ കോഴിഫാമില്‍ കുറുക്കനെ വളര്‍ത്തിയയാള്‍ അറസ്റ്റിൽ
ബെംഗളൂരു: ഭാഗ്യം കൈവരുമെന്നും കച്ചവടം മെച്ചപ്പെടുമെന്നും വിശ്വസിച്ച് കുറുക്കനെ കോഴി ഫാമിലെ കൂട്ടിലിട്ട് വളര്‍ത്തിയയാള്‍ വനം വകുപ്പിന്‍റെ പിടിയില്‍. കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശിയും കോഴിഫാം ഉടമയുമായ ലക്ഷ്മികാന്ത് (34) ആണ് പിടിയിലായത്.
കോഴി വാങ്ങാനും മറ്റുമായി ഫാമിലെത്തിയവരാണ് ഇയാൾ കുറുക്കനെ വളര്‍ത്തുന്ന വിവരം വനം വകുപ്പിനെ അറിയിച്ചത്. കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതല്‍ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
ഏഴുമാസം മുൻപ് ലക്ഷ്മി കാന്തിന് കുറുക്കന്‍ കുഞ്ഞിനെ ലഭിച്ചത് ഗ്രാമത്തിലെ കാടു മൂടിയ പ്രദേശത്ത് നിന്നാണ്. തുടര്‍ന്ന് കുറുക്കന്‍ കുഞ്ഞിനെ രഹസ്യമായി ഫാമിലെത്തിച്ച് വളര്‍ത്തുകയായിരുന്നു. കുറുക്കന്‍റെ ചിത്രമോ പ്രതിമയോ കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ സൂക്ഷിക്കുന്നത് പതിവാണ്.