28 February, 2023 03:42:57 PM


മൊബൈലിൽ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ചെന്നൈയിൽ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു.



ചെന്നൈ: ഹെഡ് ഫോൺ വെച്ച് മൊബൈലിൽ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ചെന്നൈയിൽ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു. താംബരം എംസിസി കോളജിലെ വിദ്യാര്‍ഥിനിയാണ് നിഖിത.


ഇന്ന് രാവിലെ കോളേജിലേക്ക് പോകാനായി താമസസ്ഥലത്തുനിന്ന് ഇറങ്ങിയതായിരുന്നു നിഖിത. താംബരത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഹെഡ് ഫോൺ വെച്ച് മൊബൈൽ ഫോണിൽ സംസാരിച്ചാണ് നിഖിത ട്രാക്ക് മുറിച്ചുകടന്നത്. ഈ സമയം താംബരത്തേക്കുള്ള ട്രെയിൻ കടന്നുവരുണ്ടായിരുന്നു. ട്രെയിന് വേഗത കുറവായിരുന്നെങ്കിലും, ഹെഡ് ഫോണിൽ സംസാരിച്ചുകൊണ്ടു നടന്ന നിഖിത ട്രെയിൻ വരുന്ന കാര്യം അറിഞ്ഞില്ല. ഈ സമയം യുവതി ട്രാക്ക് മുറിച്ചുകടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. ആവർത്തിച്ച് ഹോൺ മുഴക്കിയെങ്കിലും നിഖിത അത് കേട്ടില്ല.


ട്രെയിൻ ഇടിച്ചു തെറിപ്പിച്ച നിഖിത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. താംബരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിതയുടെ ചെന്നൈയിലുള്ള ബന്ധുക്കളും സഹപാഠികളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K