27 February, 2023 04:59:47 PM
വീണ്ടും ഭാരത് ജോഡോ യാത്ര? യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: ഏറെ പ്രശംസ നേടിയ കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ മുതല്‍ ഗുജറാത്ത് വരെയാകും രണ്ടാം ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുക. രാജ്യത്തിന്‍റെ കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് ആയിരിക്കും ഈ യാത്രയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.
അരുണാചലിലെ പസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയാകും യാത്ര സംഘടിപ്പിക്കുക. ഏപ്രിലിലാകും യാത്ര ആരംഭിക്കുകയെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഭാരത് ജോഡോ യാത്രയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും രണ്ടാം ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുകയെന്ന് ജയറാം രമേഷ് പറഞ്ഞു.
"നിരവധി പേര്‍ക്ക് ആകാംഷയുണ്ട്. വളരെ ഊര്‍ജസ്വലരായിരിക്കുകയാണ് എല്ലാ പാര്‍ട്ടി അംഗങ്ങളും. വളരെ അത്യാവശ്യമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ മുന്‍ യാത്രയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും ഇത്തവണ യാത്ര സംഘടിപ്പിക്കുക," ജയറാം രമേഷ് പറഞ്ഞു.
യാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയും
വളരെയധികം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള യാത്രയായിരിക്കില്ല രണ്ടാം യാത്രയെന്ന് ജയറാം രമേഷ് പറഞ്ഞു. ഒരു പദയാത്രയ്ക്ക് സമാനമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 'നിരവധി വനവും നദികളും നിറഞ്ഞ മേഖലയാണ് യാത്രയില്‍ ഉടനീളം. ഒരു മള്‍ട്ടി മോഡല്‍ യാത്രയായിരിക്കും ഇത്. ഒരു പദയാത്ര പോലെ," ജയറാം രമേഷ് പറഞ്ഞു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്
ഏപ്രിലില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജൂണില്‍ കാലവര്‍ഷം എത്തും. നവംബറില്‍ വീണ്ടും സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ആരംഭിക്കും. അതുകൊണ്ട് തന്നെ ജൂണിന് മുമ്പോ അല്ലെങ്കില്‍ നവംബറിന് മുമ്പോ യാത്ര സംഘടിപ്പിക്കേണ്ടി വരുമെന്ന് ജയറാം രമേഷ് പറഞ്ഞു. ഭാരത് ജോഡോ യാത്രയെക്കാള്‍ ദൈര്‍ഘ്യം കുറവായിരിക്കും രണ്ടാം ഭാരത് ജോഡോ യാത്രയ്ക്കെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്ര ഒരു നാഴികകല്ല്: സോണിയാ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു.
" ഭാരത് ജോഡോ യാത്ര ഒരു നാഴികകല്ലാണ്. ഇന്ത്യയിലെ ജനങ്ങള്‍ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് തെളിഞ്ഞ യാത്രയാണ് ഭാരത് ജോഡോ യാത്ര. ബഹുജന സമ്പര്‍ക്ക പരിപാടികളിലൂടെ നമ്മുടെ പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം പുതുക്കാനും യാത്രയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്കുവേണ്ടി പോരാടുമെന്നും വീണ്ടും തെളിയിക്കുകയാണ് ഈ യാത്രയിലൂടെ,' സോണിയ ഗാന്ധി പറഞ്ഞു.
2024ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ കാഴ്ചവെയ്ക്കുമെന്ന് പ്ലീനറിയുടെ രാഷ്ട്രീയകാര്യ ഉപഗ്രൂപ്പിന്‍റെ ചെയര്‍മാനായിരുന്ന മുന്‍ കേന്ദ്രമന്ത്രി എം വീരപ്പമൊയ്‌ലി പറഞ്ഞു. "രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റാനുള്ള ശ്രമങ്ങള്‍ നടത്തും. കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ മതേതര, സോഷ്യലിസ്റ്റ് ശക്തികളെയും ഒന്നിപ്പിക്കും," വീരപ്പമൊയ്‌ലി പറഞ്ഞു.