23 February, 2023 03:57:35 PM
വിമാനത്തിൽനിന്നു പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേര അറസ്റ്റിൽ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിമാനത്തിൽനിന്നു പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേര അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്പുരിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ വിമാനത്തിൽനിന്നു പുറത്താക്കിയത്.
മറ്റു നേതാക്കൾ വിമാനത്തിൽ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത് എന്നാണു റിപ്പോർട്ട്. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യപ്പെടുകയും, പിന്നാലെ കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിക്കുകയായിരുന്നു. ഖേരയ്ക്ക് എതിരായ നടപടിയിൽ കോൺഗ്രസ് നേതാക്കളും വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
ഈ സമയത്ത് ഖേരയെ അറസ്റ്റ് ചെയ്യാനായി അസം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഗുണ്ടായിസമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് പവന്‍ ഖേരക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.