20 February, 2023 11:37:43 AM
ജോഷിമഠിൽ പുതിയ വിള്ളലുകൾ: പത്ത് കിലോമീറ്റര്‍ ദൂരത്തിൽ പലയിടത്തും വിള്ളല്‍
ജോഷിമഠ്: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. ചാർധാം യാത്ര തുടങ്ങാനിരിക്കെയാണ് പുതിയ വിള്ളൽ. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായിട്ടാണ് നാട്ടുകാർ പറയുന്നത്.
തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രമായ ബദ്രീനാഥിലേക്ക് പോകുന്ന പാതയാണ് ബദ്രീനാഥ് ഹൈവേ. പഴയ വിള്ളലുകൾ കൂടുതൽ വികസിച്ചു വരുന്നുണ്ട്. അതിന് പുറമേയാണ് പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത് - ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതാവ് സജ്ഞയ് ഉണ്യാൽ പറയുന്നു. മഞ്ഞുകാലത്ത് ബദരീനാഥ് ക്ഷേത്രം 6 മാസം അടഞ്ഞുകിടക്കുമ്പോൾ അവിടത്തെ പൂജകൾ ചെയ്യുന്നത് ജോഷിമഠിലെ നരസിംഹക്ഷേത്രത്തിലാണ്.