19 February, 2023 09:49:11 PM
'ബിജെപിക്കാരനായ ഞാൻ ബീഫ് കഴിക്കും' - മേഘാലയ ബിജെപി പ്രസിഡന്‍റ്
ഷില്ലോംഗ്: ബീഫ് കഴിക്കുന്നതിന് ബിജെപി വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മേഘാലയിലെ ബിജെപി പ്രസിഡന്‍റ് ഏണസ്റ്റ് മാവ്രി. താൻ ബീഫ് കഴിക്കാറുണ്ടെന്നും അതിൽ എന്താണ് കുഴപ്പമെന്നുമാണ് ബിജെപി പ്രസിഡന്‍റിന്‍റെ ചോദ്യം. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘാലയ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമർശം.
രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഒരു ക്രിസ്ത്യൻ ആരാധനാലയത്തിനു നേരേയും ആക്രമണമുണ്ടായിട്ടില്ലെന്നും ബീഫ് കഴിക്കുന്നതിന് ബിജെപി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഏണസ്‍റ്റ് മാവ്രി പറഞ്ഞു.
താൻ ബിജെപിക്കാരനാണ്. ബീഫും കഴിക്കും. അതിൽ യാതൊരു പ്രശ്നവുമില്ല. ഇക്കുറി മേഘാലയിലെ ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കും. മാർച്ച് 2 ന് ഇത് കാണാമെന്നും സംസ്ഥാന പ്രസിഡന്‍റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മേഘാലയിൽ ക്രിസ്തുമതം പിന്തുടരുന്നവരാണ് ഭൂരിപക്ഷവും. ബിജെപിയുടെ ബീഫ് നിരോധനവും സിഎഎ നിലപാടുകളും ജനങ്ങൾ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാവ്രി. 2023 ഫെബ്രുവരി 27 നാണ് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.