09 February, 2023 03:19:50 PM


മമതയെ പ്രകീർത്തിച്ച് പ്രസംഗം; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി



കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ വിമർശനം കടുപ്പിച്ച് ബിജെപി. കൊൽക്കത്ത സെന്‍റ് സേവ്യേഴ്സ് സർവകലാശാലയിലെ ഡോക്ടറേറ്റ് സമർപ്പണവേദിയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആനന്ദബോസ് പ്രകീർത്തിച്ചതിനു പിന്നാലെയാണ് ബിജെപി രൂക്ഷവിമർശനമുയർത്തിയത്. മമതയുടെ സാഹിത്യാഭിരുചിയെ അഭിനന്ദിച്ച ബോസ്, അവരെ ഡോ. എസ് രാധാകൃഷ്ണൻ, എ ബി വാജ്പേയി, എ പി ജെ അബ്ദുൽ കലാം, വിൻസ്റ്റൻ ചർച്ചിൽ തുടങ്ങിയവരോട് ഉപമിച്ചിരുന്നു. മമതയെപ്പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്രതന്ത്രജ്ഞരാണെന്നാണ് ആനന്ദ ബോസ് പറഞ്ഞത്.

ഈ പ്രസംഗം നിയമസഭയിൽ സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള പരിശീലനംപോലെയായെന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. "മമത ചർച്ചിലിനെപ്പോലെയാണെന്ന ഗവർണറുടെ വിലയിരുത്തലിനോട് ഭാഗികമായി യോജിക്കുന്നു. 1943ൽ ബംഗാളിലെ കൊടുംക്ഷാമത്തിന് കാരണക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചർച്ചിലായിരുന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം 40 ലക്ഷത്തോളം പേരാണ് മരിച്ചത്. മനുഷ്യചരിത്രത്തിലെത്തന്നെ ഏറ്റവും കടുത്ത വംശഹത്യയാണത്" –  ബിജെപി നേതാവായ സുവേന്ദു ആരോപിച്ചു.

സിപിഎം നേതാവ് സുജൻ ചക്രവർത്തിയും വിമർശനവുമായി രംഗത്തെത്തി. "വർഷങ്ങൾക്കുമുൻപ് വിദേശസർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് കിട്ടിയെന്ന് മമത അവകാശപ്പെട്ടിരുന്നു. പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു. ഇപ്പോൾ ഗവർണർ അവരെ പ്രശംസിച്ച് വേറെ ഡോക്ടറേറ്റ് കൊടുക്കുന്നു. എന്നാൽ ഇത്തരം ബഹുമതികൾക്ക് അവർ അർഹയാണോ എന്ന കാര്യം ആലോചിക്കണം" - സുജൻ ചക്രവർത്തി പറഞ്ഞു.

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നതിൽ ബിജെപി സംസ്ഥാനഘടകത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈയിടെ രാജ്ഭവനിൽ മമതയുടെ സാന്നിധ്യത്തിൽ നടന്ന ഗവർണറുടെ എഴുത്തിനിരുത്തൽ ചടങ്ങിനെതിരേ പാർട്ടി രംഗത്തെത്തിയിരുന്നു. പാർട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നൽകുകയുംചെയ്തു. അതിനിടെയാണ് പുതിയ സംഭവം.

എന്നാൽ, സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ചുപ്രവർത്തിക്കുന്നത് ബിജെപിക്ക് സഹിക്കുന്നില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ശന്തനു സെൻ പ്രതികരിച്ചത്. ജഗ്‍ദീപ് ധൻകർ ഗവർണറായിരുന്ന കാലത്ത് ബിജെപി രാജ്ഭവനെ പാർട്ടി ഓഫീസാക്കി മാറ്റിയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ, ബംഗാൾ നിയമസഭയിൽ ഗവർണർ ആനന്ദബോസ്‍ നടത്തിയ ആദ്യ നയപ്രഖ്യാപനപ്രസംഗം ബിജെപി അംഗങ്ങൾ ബഹിഷ്കരിച്ചു. ബുധനാഴ്ച ഗവർണർ സഭയെ അഭിസംബോധന ചെയ്യവേ, തൃണമൂൽ സർക്കാരിനെതിരേ അഴിമതി ആരോപിച്ചാണ് ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയത്. പ്രസംഗം തുടങ്ങിയ ഉടനെത്തന്നെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ അവർ മുദ്രാവാക്യം മുഴക്കി. സർക്കാർ എഴുതിത്തയ്യാറാക്കിയ പ്രസംഗം ഗവർണർ അപ്പടി വായിച്ചതിലും പ്രതിഷേധിച്ചു. യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത പ്രസംഗമാണതെന്ന് ബിജെപി കുറ്റപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K