06 February, 2023 12:36:43 PM
'2024ൽ ബിജെപി 2014നേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കും - യോഗി ആദിത്യനാഥ്
ലക്നൗ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 2014 ലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഉത്തർപ്രദേശിൽ നിന്നും പാർട്ടിക്ക് കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാമെന്നും പ്രതിപക്ഷത്തിന്‍റെ വിഭജന രാഷ്ട്രീയം യുപിയിലെ ജനങ്ങൾ ഒരിക്കൽ കൂടി തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ബുള്ളറ്റ് ട്രെയിൻ പോലെ വേഗതയിലാണ് ബിജെപി സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. കോൺഗ്രസാണ് രാജ്യത്ത് വിഭജന രാഷ്ട്രീയം കൊണ്ടുവന്നത്. രാഹുൽ ഗാന്ധി തന്‍റെ നിഷേധാത്മക സ്വഭാവം ഉപേക്ഷിച്ചിരുന്നെങ്കിൽ അത് കോൺഗ്രസിന് ഗുണം ചെയ്യുമായിരുന്നു എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ 80 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളിലും വിജയിക്കുകയെന്ന തന്ത്രത്തിന്‍റെ ഭാഗമായി യാദവ, ജാതവ, പാസ്മണ്ട വിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്.
"സര്‍ക്കാര്‍ സേവനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നുണ്ട്. മികച്ച ക്രമസമാധാന പാലനവും സര്‍ക്കാര്‍ സേവനങ്ങളും യുപിയിലെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നുണ്ട്. എല്ലാ മതപരമായ ചടങ്ങുകളും സമാധാനത്തോടെ സംഘടിപ്പിക്കുന്നു. ഇവിടുത്തെ ഹിന്ദു പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്. അതുപോലെ തന്നെ മുസ്ലിം പെണ്‍കുട്ടികളും ഇവിടെ സുരക്ഷിതരാണ്. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിന്റെയും പുരോഗതിയ്ക്ക് വേണ്ടിയുള്ള പദ്ധതികളാണ് ഞങ്ങള്‍ ഒരുക്കുന്നത്. ആരെയും പ്രീണിപ്പിക്കുന്ന നയമല്ല ഞങ്ങളുടേത്", യോഗി പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം വിഭാഗത്തെപ്പറ്റി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശത്തിനോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് ഭയമില്ലാതെ ഇന്ത്യയില്‍ ജീവിക്കാമെന്നും എന്നാല്‍ അവരുടെ ആധിപത്യ മനോഭാവം വെടിയണമെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന. യുപിയിലെ ജനസംഖ്യയുടെ 11 ശതമാനവും യാദവന്മാരാണ്. ജനസംഖ്യയുടെ 21 ശതമാനത്തോളം ദളിതരാണ്, മുസ്ലീങ്ങളുടെ സാന്നിധ്യം 18 ശതമാനമാണ്.
ദളിതരിൽ തന്നെ ജാതവ വിഭാഗത്തിൽ പെട്ടവരാണ് കൂടുതൽ. യുപിയിൽ പതിനേഴു ലോക്‌സഭാ സീറ്റുകൾ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. 10 ലോക്‌സഭാ മണ്ഡലങ്ങളിൽ യാദവ, മുസ്ലീം വോട്ടർമാരാണ് നിർണായക സ്വാധീനം ചെലുത്തുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഉത്തർപ്രദേശിൽ മത്സരിച്ച 78 ലോക്‌സഭാ സീറ്റുകളിൽ 62 എണ്ണവും ബിജെപി നേടിയിരുന്നു. വെറും ഒരു സീറ്റ് മാത്രമാണ് അന്ന് യുപിയിൽ കോൺഗ്രസിന് നേടാനായത്.