03 February, 2023 07:02:30 PM


ശാരദ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരത്തിന്‍റെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി



ചെന്നൈ: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരത്തിന്‍റെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷക കൂടിയാണ് നളിനി ചിദംബരം. നളനിയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറേറ്റ് ശ്രമം തുടങ്ങിയിരുന്നു.


എന്നാല്‍ സുപ്രിം കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തില്‍ നടപടി വൈകുകയായിരുന്നു. നളനി ചിദംബരം, മുന്‍ സി പി എം എം എല്‍ എ ദേവേന്ദ്രനാഥ് ബിശ്വാസ്, അസം മന്ത്രി അഞ്ജാന്‍ ദത്ത എന്നിവരുടെ ആറ് കോടി വരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട് 600 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.


കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഏതാണ്ട് 3000 കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്ന ശാരദാ ചിട്ടിഫണ്ട് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K