02 February, 2023 09:30:30 AM
രണ്ടു വര്‍ഷത്തിലേറെയായി ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പൻ ഇന്ന് മോചിതനാകും
ന്യൂഡല്‍ഹി: രണ്ടു വർഷത്തിലേറെയായി ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് മോചിതനാകും. ജാമ്യം ലഭിച്ചതിനെ തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് മോചനം. യുപിയിലെ ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റുചെയ്തത്.
രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയത്. യുഎപിഎ കേസിൽ കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31 ന് ഇഡി കേസിൽ കാപ്പൻ നൽകിയ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്ന് ലഖ്നൗ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം ലഭിച്ചു.
ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമം നീണ്ടു പോയതിനെ തുടർന്ന് മോചനം വൈകുകയായിരുന്നു. യുപി പൊലീസിന്റേയും ഇഡിയുടേയും വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായതോടെ റിലീസിങ് ഓർഡർ ജയിലിലെത്തി. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇഡിയുടെ കേസ്.