29 January, 2023 01:31:51 PM
ബിബിസി ഫിലിം: വിദ്യാർത്ഥികളെ രാജസ്ഥാൻ കേന്ദ്ര സർവകലാശാല സസ്പെൻഡ് ചെയ്തു
ജയ്പൂര്‍: 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' പ്രദർശിപ്പിച്ചതിന് രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് വിദ്യാർത്ഥികളെ അജ്മീറിലെ സെൻട്രൽ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തു. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു.
ഡോക്യുമെന്ററി കണ്ടെന്ന് ആരോപിക്കപ്പെടുന്ന 24 വിദ്യാർത്ഥികളുടെ ലിസ്റ്റ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് പുറത്തുവിടുകയും അവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സസ്പെൻഷൻ. വിദ്യാർത്ഥികളെ 14 ദിവസത്തേക്കാണ് അക്കാദമിക് വിഭാഗത്തിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
നടപടി നേരിട്ട മിക്ക വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ സമ്മർദത്തിന് വഴങ്ങി യൂണിവേഴ്സിറ്റി അധികൃതർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ബിബിസി ഡോക്യുമെന്ററി കണ്ടുവെന്ന് ആരോപിക്കപ്പെടുന്നവരുടെ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറികളിൽ അധികൃതർ ബലമായി കയറാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ബിബിസി ഡോക്യുമെന്ററിയുടെ സ്‌ക്രീനിംഗിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സർവകലാശാല വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാനവും വിദ്യാർത്ഥികളുടെ സാഹോദര്യത്തിന്റെ സുരക്ഷയും നിലനിർത്തുന്നതിനാണ് നിരോധനം നടപ്പിലാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.