11 January, 2023 04:30:48 PM
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ അറസ്റ്റില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കും
കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 10 വർഷം തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലില്‍ തടവില്‍ പാര്‍പ്പിക്കും. എം.പിയുമായി പൊലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെ 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.
കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അടിപിടിക്കേസിലാണ് വിധി വന്നിരിക്കുന്നത്. മുൻ കോൺഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.