13 December, 2022 12:10:58 PM
എൻട്രൻസ് കോച്ചിംഗ് സെന്‍ററിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ നിലയില്‍
കോട്ട: രാജസ്ഥാനിലെ കോട്ടയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ 3 വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അങ്കുഷ് ആനന്ദ് (16), പ്രണവ് വര്‍മ്മ (17), ഉജ്ജ്വല്‍ കുമാര്‍ (18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികസമ്മർദമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ എൻട്രൻസ് കോച്ചിങ്ങ് സെന്‍ററുകൾ ഉള്ള നഗരമണ് രാജസ്ഥാനിലെ കോട്ട. രാജസ്ഥാനിൽ നിന്നും 330 കിലോമീറ്റർ അകലെയുള്ള കോട്ടയിൽ വിവിധ സംസ്ഥാനത്തിൽ നിന്നുമുള്ള കുട്ടികളാണ് പരിശീലനത്തിനായി എത്തുന്നത്.
ബീഹാറിലെ സുപാല്‍ ജില്ല സ്വദേശിയാണ് മരിച്ച അങ്കുഷ് ആനന്ദ്. പ്രണവ് വര്‍മ്മ മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നാണ് കോച്ചിംഗിനായി കോട്ടയിലെത്തിയത്. ഇരുവരും നീറ്റ് പരീക്ഷ പരിശീലനത്തിലായിരുന്നു. ജിഇഇ പരീക്ഷാ പരിശീലനത്തിനായി എത്തിയതായിരുന്നു മരിച്ച ഉജ്ജ്വല്‍ കുമാര്‍. ബീഹാറിലെ ഗയ സ്വദേശിയാണ് ഉജ്ജ്വൽ.
ഇവരുടെ റൂമില്‍ നിന്ന് റൊഡന്‍റിസൈഡ് എന്ന വിഷം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യകുറിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് കേസ് അന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗംഗ സഹായ് ശര്‍മ്മ പറയുന്നു.
കഴിഞ്ഞ 2 വര്‍ഷത്തോളമായി കോട്ടയിലെ സ്വകാര്യ കോച്ചിംഗ് സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു പ്രണവ്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ ഉജ്ജ്വലും അങ്കുഷും കോട്ടയിലെ താല്‍വണ്ടി പ്രദേശത്തെ ഒരു ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. അടുത്തടുത്ത മുറികളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലനം നടത്തി വരികയായിരുന്നു ഇവരും, ഡിഎസ്പി അമര്‍ സിംഗ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഇരുവരുടെയും മുറിയുടെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മറ്റ് കുട്ടികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വാര്‍ഡന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരെത്തിയ ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഡിഎസ്പി അറിയിച്ചു. അതേസമയം ഉജ്ജ്വലിന്റെ സഹോദരിയും ഇതേ കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. താല്‍വണ്ടിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലാണ് സഹോദരി താമസിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉജ്ജ്വലും അങ്കുഷും ക്ലാസ്സില്‍ എത്താറില്ലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പ്രണവിന്റെ മൃതദേഹം പരിശോധനകള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി. മൂന്ന് വിദ്യാര്‍ത്ഥികളുടെയും ആത്മഹത്യയ്ക്കുള്ള കാരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ഡിഎസ്പി അറിയിച്ചിട്ടുണ്ട്.