08 December, 2022 03:22:58 PM


രവീന്ദ്ര ജഡേജ ഗുജറാത്തില്‍ 'ബാറ്റ്' ചെയ്തു; ഭാര്യ റിവാബ ബിജെപിക്കായി 'സിക്‌സർ' അടിച്ചു



ജാംനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും ആം ആദ്മിയെയും കോൺഗ്രസിനെയും വീഴ്ത്തിയാണ് ബിജെപി സ്ഥാനാർഥിയായ റിവാബ ജയിച്ചുകയറിയത്. 42000ൽ ഏറെ വോട്ടുകളുടെ ലീഡിലാണ് റിവാബയുടെ തിളക്കമാർന്ന ജയം. അറുപത് ശതമാനത്തിലേറെ വോട്ടാണ് കന്നി പോരാട്ടത്തിൽ റിവാബ നേടിയത്. 

ധർമേന്ദ്രസിങ് ജഡേജ (ഹകുഭ) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച വിജയിച്ച സീറ്റിൽ ബിജെപി ഇത്തവണ റിവാബ ജഡേജയെ മത്സരിപ്പിക്കുകയായിരുന്നു. 2017ൽ 53 ശതമാനം വോട്ട് വിഹിതം നേടിയ മണ്ഡലത്തിലാണ് ഇത്തവണ അതിലും മികച്ച വിജയം റിവാബയിലൂടെ ബിജെപി നേടിയത്. 


സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ റിവാബ ജഡേജയുടെ പേര് ഉണ്ടായിരുന്നു. നിലവിലെ നിയമസഭാംഗമായ ഹക്കുബ എന്നറിയപ്പെടുന്ന ധർമേന്ദ്രസിങ് ജഡേജയെ പാർട്ടി ഒഴിവാക്കിയതിനെ തുടർന്നാണ് റിവാബയ്ക്ക് ടിക്കറ്റ് ലഭിച്ചത്. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഹക്കുഭ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2017ലെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിവാബ ബി.ജെ.പിയിൽ ചേരുന്നത്. അതിന് മുമ്പ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ റിവാബ പങ്കെടുത്തിരുന്നു. കർണി സേന എന്ന സംഘടനയിൽ പ്രവർത്തിക്കുമ്പോഴാണ് റിവാബ ജഡേജ ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. 

രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്തതുകൊണ്ടുതന്നെ ഇത്തവണ പ്രചരണത്തിൽ റിവാബ ജഡേജ ആദ്യമൊക്കെ പിന്നിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പോര് മൂർച്ഛിച്ചതോടെ, ഭാര്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജയും രംഗത്തിറങ്ങി. അതിനൊപ്പം ദേശീയ തലത്തിലുള്ള നേതാക്കൾകൂടി റിവാബയ്ക്കുവേണ്ടി പ്രചരണത്തിന് ഇറങ്ങിയതോടെ വോട്ടെടുപ്പ് ദിവസമായപ്പോൾ അവർ ഏറെ മുന്നിലെത്തി.

അതിനിടെ മൂത്ത സഹോദരി കോൺഗ്രസിനുവേണ്ടി പ്രചരണത്തിന് ഇറങ്ങിയത് ചെറിയ വെല്ലുവിളിയായെങ്കിലും അതിനെ മറികടക്കാൻ റിവാബയ്ക്ക് കഴിഞ്ഞുവെച്ചാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോൺഗ്രസ് മുതിർന്ന നേതാവ് ഹരി സിംഗ് സോളങ്കിയുമായി അടുത്ത ബന്ധമുള്ള റിവാബ ജഡേജ രാജ്‌കോട്ടിലെ ആത്മിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. 2016 ഏപ്രിൽ 17 ന് രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K