20 November, 2022 05:37:05 PM
മംഗളൂരു സ്ഫോടനം: ഓട്ടോ യാത്രക്കാരന്റെ വീട്ടിൽ റെയ്ഡ്; സ്ഫോടക വസ്തുക്കൾ കണ്ടെത്തി
മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടോറിക്ഷ യാത്രക്കാരന്റെ മൈസൂരുവിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രഷർ കുക്കർ ബോംബും, സ്ഫോടക വസ്തുക്കളും കണ്ടെത്തി. ശിവമോഗ സ്വദേശി ഷാരികിന്റെ വാടക വീട്ടിലാണ് റെയ്ഡ് നടത്തിയത്. യുഎപിഎ കേസിലെ പ്രതികൂടിയായ ഷാരിക് വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് വാടക വീടെടുത്തതെന്നും പോലീസ് കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. വൻ നാശനഷ്ടം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സ്ഫോടനമെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു. പരിക്കേറ്റ ഡ്രൈവറും യാത്രക്കാരനും മൊഴി നൽകാൻ സാധിക്കാത്ത ആരോഗ്യനിലയിലാണെന്നും ഇവരെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടാമെന്നും അധികൃതർ അറിയിച്ചു.