15 November, 2022 02:30:32 PM


ലൈം​ഗികാതിക്രമം നടന്നാലേ 'പോക്‌സോ' പ്രകാരം കേസെടുക്കാനാകൂ - ഹൈക്കോടതി



അഹമ്മദാബാദ്: പോക്സോ നിയമത്തിലെ സെക്ഷന്‍ 7, 11 അനുസരിച്ച് ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തികളാണ് കേസിന് ആധാരമായി വരികയെന്നും ഈ രണ്ട് സെക്ഷൻ പ്രകാരം ആരോപണ വിധേയനായ വ്യക്തി അത്തരം ഉദ്ദേശത്തോടെ കുട്ടിയെ സമീപിച്ചാല്‍ മാത്രമാണ് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമായി പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ അതേ സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപകനും ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പോക്‌സോ നിയമപ്രകാരം കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. കേസ് ജസ്റ്റിസ് നിരാല്‍ മേഹ്ത  ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

സൂററ്റിലെ ലാല്‍ദര്‍വാജയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലും സ്‌കൂളിലെ അധ്യാപകരും ചേര്‍ന്ന് ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്ന് തന്റെ മകളെ പരസ്യമായി മര്‍ദ്ദിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ യൂണിഫോം പാവാട മാറ്റുന്ന ദൃശ്യങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ച കോടതി ബെഞ്ച് കുട്ടിയുടെ അമ്മയുടെ പരാതി തള്ളുകയായിരുന്നു.

നിലവിലെ കേസില്‍ പ്രതികള്‍ കുട്ടിയോട് പരുഷമായി പെരുമാറിയിട്ടുണ്ട്. കുട്ടിയ്ക്ക് അത് സമ്മര്‍ദ്ദമുണ്ടാക്കിയതായും മനസ്സിലാക്കുന്നുവെന്നും എന്നാല്‍ ഈ ആരോപണങ്ങള്‍ പോക്‌സോ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. ഇനി അഥവാ ഈ പരാതി പരിഗണിക്കുകയാണെങ്കില്‍, കുട്ടിയെ പ്രതികള്‍ ദുരുപയോഗം ചെയ്തുവെന്ന തരത്തിലുള്ള യാതൊരു ആരോപണവും ഹര്‍ജിക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി കാണുന്നില്ല. കുട്ടിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയോ മറ്റോ ചെയ്തതായും ഹര്‍ജിയില്‍ പറയുന്നില്ല. അച്ചടക്കലംഘനത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കര്‍ശനവും പരുഷവുമായ പെരുമാറ്റം ആയി മാത്രമേ ഈ കേസിനെ കാണാന്‍ സാധിക്കൂവെന്നും കോടതി പറഞ്ഞു.

അതേസമയം തങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 354 (ബി), 114 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പ് 7 , 8, 11 എന്നിവയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധ്യാപകരും പ്രിന്‍സിപ്പലും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

അതേസമയം ക്ലാസ്സ് റൂമുകളില്‍ മോശമായി പെരുമാറുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്യുന്ന കുട്ടിയെ പലപ്പോഴും സ്‌കൂള്‍ അധികൃതര്‍ ശിക്ഷിച്ചിട്ടുണ്ടെന്നും. അച്ചടക്കലംഘനമെന്ന രീതിയില്‍ നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ ഈ കേസിലേക്ക് എത്തിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനോടുള്ള മറ്റ് ചില പ്രശ്‌നങ്ങളാല്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ മാനേജ്‌മെന്റിനെതിരെ നല്‍കിയ കള്ളക്കേസുകളില്‍ ഒന്നാണിതെന്നും ഇതിനു മുമ്പും ഇത്തരത്തില്‍ വ്യാജപരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അതിനാല്‍ തെളിവുകളൊന്നും കൃത്യമായി പരിശോധിക്കാതെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പരാതി റദ്ദാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചു. രക്ഷിതാക്കള്‍ നല്‍കിയ മുഴുവന്‍ പരാതിയും അതേപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ 'ലൈംഗിക ഉദ്ദേശം' സംബന്ധിച്ച കാര്യത്തില്‍ പ്രതികള്‍ക്കതിരെയുള്ള ഒരു ആരോപണവും നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനാല്‍,'ലൈംഗിക ഉദ്ദേശം' എന്ന കാര്യം ഹര്‍ജിക്കാര്‍ നല്‍കിയ പരാതിയില്‍ നിലനില്‍ക്കില്ലെന്നും കോടതി പ്രസ്താവിച്ചു. അതുകൊണ്ട് തന്നെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുന്നത് വസ്തുതാപരമായി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി രക്ഷിതാക്കള്‍ നല്‍കിയ പരാതി ഭാഗികമായി സ്വീകരിക്കുകയും പ്രതികള്‍ക്കെതിരെയുള്ള പോക്സോ നിയമത്തിലെ വകുപ്പുകള്‍ റദ്ദാക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K