29 October, 2022 06:20:33 AM
രോഗിയായ സ്ത്രീയുടെ മുടിക്കുത്തില്‍ പിടിച്ച് ആശുപത്രി വാർഡിലൂടെ വലിച്ചിഴച്ച് നഴ്‌സ്
ലഖ്‌നൗ: രോഗിയായ സ്ത്രീയുടെ മുടിക്കുത്തില്‍ പിടിച്ച് വലിച്ച് നഴ്‌സ്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ആശുപത്രിയിലെ രോഗിയോട് നഴ്സും സഹായികളും മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രോഗിയായ സ്ത്രീയെ വനിതാവാര്‍ഡിലൂടെ മുടിയില്‍ പിടിച്ച് ബലമായി കൊണ്ടുപോകുകയാണ് വനിത നഴ്സ്. തുടര്‍ന്ന് ഇവര്‍ രോഗിയെ കട്ടിലില്‍ ബലമായി പിടിച്ചുകിടത്തുന്നതും ഇതിന് പുരുഷന്‍മാര്‍ അടക്കമുള്ള മറ്റുള്ളവര്‍ സഹായിക്കുന്നതും വീഡിയോയിലുണ്ട്.
ഈ സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ഒക്ടോബര്‍ 18-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ സംഭവദിവസം രാത്രി പെട്ടെന്ന് വിചിത്രമായ രീതിയില്‍ പെരുമാറുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമായി നേരിടുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയില്‍ ഇവര്‍ വാഷ്റൂമിന് സമീപത്തേക്ക് പോയി. തുടര്‍ന്ന് വിചിത്രമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങി. തന്റെ വളകള്‍ ഉടയ്ക്കാനും വസ്ത്രം കീറാനും ശ്രമിച്ചു. ഇതുകണ്ട് എല്ലാവരും പേടിച്ച് നിലവിളിച്ചു. ആ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സമീപവാര്‍ഡിലെ നഴ്സുമാരേയും സഹായത്തിന് വിളിച്ചു. അങ്ങനെ ബലം പ്രയോഗിച്ച് ഇവരെ കട്ടിലില്‍ കിടത്തി കെട്ടിയിട്ട ശേഷം ഇന്‍ജെക്ഷന്‍ നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഈ വിവരം പോലീസിനേയും അറിയിച്ചു. ആശുപത്രി അധികൃതര്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.