22 October, 2022 05:24:01 PM
കൃത്യമായി ഹെൽമറ്റ് ധരിച്ചില്ല; പോലീസുകാരനില്‍നിന്നും പിഴ ഈടാക്കി ട്രാഫിക് പോലീസ്
ബംഗളൂരു: ട്രാഫിക് നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമല്ല, എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ് എന്ന് ഓർമിപ്പിക്കുകയാണ് ബാംഗ്ലൂർ ട്രാഫിക്ക് പോലീസ്. ട്രാഫിക് നിയമം ലംഘിച്ച ഒരു പോലീസുകാരനില്‍നിന്നും മറ്റൊരു പോലീസുകാരൻ പിഴ ചുമത്തുന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരിക്കുകയാണ്. ബംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് സ്കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു പോലീസുകാരന് പിഴ ചുമത്തിയത്.
ട്രാഫിക് റെഗുലേഷൻസ് വകുപ്പ് നിരോധിച്ച ഹാഫ് ഹെൽമെറ്റ് ധരിച്ചതിനാണ് പിഴ ഈടാക്കിയത്. സ്‌കൂട്ടർ ഓടിക്കുന്ന പോലീസുകാരന് ഇയാൾ ചലാൻ നൽകുന്നതും പോസ്റ്റിൽ കാണാം. "ഹാഫ് ഹെൽമെറ്റ് ധരിച്ചതിന് പൊലീസിനെതിരെ കേസ് എടുത്തിട്ടുണ്ട്," എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. പക്ഷപാതമില്ലാതെ ഡ്യൂട്ടി ചെയ്തതിന് യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനെയും ആളുകൾ അഭിനന്ദിച്ചു.