20 October, 2022 06:20:38 PM
ലാവലിൻ കേസ് 33-ാം തവണയും മാറ്റി; ഇനി പരിഗണിക്കുക പുതിയ ബെഞ്ച്
ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റിവച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കി.
2017 മുതൽ കോടതിയിലുള്ള കേസാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. രണ്ടായാലും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതോടെ ലാവലിൻ കേസിൽ വാദം കേൾക്കാതെ യു.യു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് പടിയിറങ്ങും.
പുതിയ ബെഞ്ചിന് മുന്നിലാകും നവംബർ അവസാനം കേസെത്തുക. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി ബി ഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്.