19 October, 2022 05:46:28 PM
കോൺഗ്രസിലെ തന്‍റെ റോൾ പുതിയ അധ്യക്ഷൻ തീരുമാനിക്കും - രാഹുൽ ഗാന്ധി
ഹൈദരാബാദ്: കോൺഗ്രസിലെ തന്‍റെ റോൾ എന്തെന്ന് പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിലെ പരമോന്നത അധികാരി പ്രസിഡന്‍റാണ്. തന്‍റെ പദവി എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും. ഖാർഗെയും തരൂരും അനുഭവ പരിജ്ഞാനം ഉള്ളവരാണെന്നും രാഹുൽഗാന്ധി പറഞ്ഞു. ജോഡോ യാത്രയ്ക്കിടെ ആന്ധ്രാപ്രദേശിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ അധ്യക്ഷനാണ് പരമാധികാരം. എല്ലാ അംഗങ്ങളും അദ്ദേഹത്തിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. തന്‍റെ ഡ്യൂട്ടിയും അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തോട് ചോദിക്കൂ. എന്നായിരുന്നു പുതിയ കോൺഗ്രസ് അധ്യക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി. 24 വർഷങ്ങൾക്കു ശേഷം കോൺഗ്രസിന്‍റെ പ്രസിഡന്റാകുന്ന ആദ്യ ഗാന്ധി ഇതര നേതാവാണ് മല്ലികാർജുൻ ഖാർഗേ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ഖാർഗേ വിജയിച്ചത്. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ ഖാർഗേ 7897 വോട്ടുകൾ നേടി. ഖാർഗേയ്ക്ക് എതിരായി മത്സരിച്ച ശശി തരൂർ 1072 വോട്ടാണ് നേടിയത്. 416 വോട്ട് അസാധുവായി.
എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും തരൂർ പ്രതികരണത്തിന് തയ്യാറായില്ല. മല്ലികാർജുന ഖാർഗയ്ക്ക് പ്രസ്താവനയിലൂടെ ആശംസ നേർന്ന തരൂർ, കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി ജനാധിപത്യം ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും പ്രതികരിച്ചു.