17 October, 2022 05:57:04 PM
കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി; 90 ശതമാനം പോളിംഗ്
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 90 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി. കേരളത്തിൽ 95.66 ശതമാനമാണ് പോളിംഗ്. മുതിർന്ന പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭാംഗമായ ഡോ. ശശി തരൂരും തമ്മിലാണു മത്സരം. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലിനാണ് അവസാനിച്ചത്. ബുധനാഴ്ച ഫലമറിയാം.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിംഗ്. ഡൽഹിയിലെയും രാജസ്ഥാനിലെയും പിസിസികളിൽ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിൽ വോട്ട് ചെയ്തു.
ശശി തരൂർ തിരുവനന്തപുരത്തും മല്ലികാർജുൻ ഗാർഖെ ബംഗളുരുവിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂർ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യും. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിനു നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വോട്ടെടുപ്പ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലായിരുന്നു. സംസ്ഥാനത്ത് ലൈംഗികാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളി വോട്ട് രേഖപ്പെടുത്തിയില്ല. പാർട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ 9000ൽ അധികം പിസിസി പ്രതിനിധികളാണ് വോട്ട് ചെയ്യുന്നത്. രാജ്യത്താകമാനം 65 പോളിംഗ് ബൂത്തുകൾ തയാറാക്കിയിരുന്നു.