11 October, 2022 03:50:00 PM
ബാങ്ക് വിളിക്കിടെ ഡിജെ സംഗീതം മുഴക്കി ഘോഷയാത്ര; രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം
ലക്നൗ: ഉത്തർപ്രദേശിൽ ദുർഗാപൂജ നിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘർഷം. ബാങ്ക് വിളി സമയത്ത് പള്ളിയ്ക്ക് മുന്നിലൂടെ ഉച്ചത്തിൽ സംഗീതം മുഴക്കി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് പൊലീസ്. കല്ലേറിൽ ഒരു പൊലീസുകാരനുൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഘർഷം ആരംഭിച്ചതെന്ന് ബൽദിരായ് സർക്കിൾ ഓഫീസർ രാജാറാം ചൗധരി പറയുന്നു. ഇബ്രാഹിംപൂർ പ്രദേശത്തെ ഒരു പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടെ ഉച്ചത്തിൽ സംഗീതം മുഴക്കി നിമജ്ജന ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ബാങ്ക് വിളിക്കുകയാണെന്നും ശബ്ദം കുറയ്ക്കാനും ഘോഷയാത്രക്കാരോട് അഭ്യർത്ഥിച്ചു, ഇത് നിരസിച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്നും ചൗധരി കൂട്ടിച്ചേർത്തു.
പിന്നാലെ ഇരു വിഭാഗവും പരസ്പ്പരം ഏറ്റുമുട്ടി. ഇരുപക്ഷവും കല്ലേറിയുകയും, വടി ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സർക്കിൾ ഓഫീസർ രാജാറാം ചൗധരിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ചൗധരി അറിയിച്ചു.