10 October, 2022 02:08:33 PM
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജി; 'ഇതാണോ കോടതിയുടെ ജോലി' എന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രിംകോടതി ഹർജിക്കാരനെ വിമർശിച്ചു.
'ഇതാണോ കോടതിയുടെ ജോലി ? പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?'- ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.
ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യ ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.