06 October, 2022 07:06:26 PM
രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും
ന്യൂഡല്‍ഹി അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ. ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിലാണ് മൽസരം. മത്സരം തരൂരും ഖാർഗെയും തമ്മിലായതോടെ ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള ആളായിരിക്കും അടുത്ത കോൺഗ്രസ് അധ്യക്ഷൻ എന്നുറപ്പായിക്കഴിഞ്ഞു. ഒക്ടോബർ 17 നാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 9,000-ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും. ഒക്‌ടോബർ എട്ടിനകം ഇരുവര്‍ക്കും സ്ഥാനാർത്ഥിത്വം പിൻവലിക്കാം. മത്സരാർത്ഥികളുടെ അന്തിമ പട്ടിക അന്നു തന്നെ പ്രസിദ്ധീകരിക്കും. ഒക്‌ടോബർ 19-ന് വോട്ടെണ്ണൽ നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കും.
130 വർഷത്തിലേറെ പഴക്കമുള്ള കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷയായിരുന്നത് സോണിയ ഗാന്ധിയാണ്. 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് സീതാറാം കേസരിയിൽ നിന്നാണ് പാർട്ടിയുടെ നേതൃസ്ഥാനം സോണിയ ഏറ്റെടുത്തത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ 2017-19 കാലയളവിലെ രണ്ട് വർഷം സോണിയ ഗാന്ധി ഈ പദവിയിൽ നിന്നും ഇടവേള എടുത്തെങ്കിലും അതിനുശേഷം വീണ്ടും അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചെത്തി. ഇപ്പോൾ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയെ പൊതുസംവാദത്തിന് വെല്ലുവിളിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. വെല്ലുവിളി തള്ളിയ ഖാർഗെ, സംവാദത്തിനില്ലെന്ന് പ്രതികരിച്ചു. പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് താൻ വാഗ്ദാനം ചെയ്യുന്നുവെന്നും ഖാർഗെയെപ്പോലുള്ള നേതാക്കൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നും നിലവിലുള്ള സമ്പ്രദായം തന്നെ അവർ തുടരുമെന്നും തരൂർ പറഞ്ഞിരുന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ പോരാട്ടമുണ്ടെന്നും എന്നാൽ തങ്ങൾക്കിടയിൽ അതില്ലെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം. ആരെയും എതിർക്കാനല്ല പാർട്ടിയെ ശക്തിപ്പെടുത്താനാണ് മത്സരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടം ഉറപ്പിച്ചത്. ആദ്യം അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്‍ലോട്ടിനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുമ്പോള്‍ ആരാവണം രാജസ്ഥാന്‍ മുഖ്യമന്ത്രിയെന്ന തര്‍ക്കം രൂക്ഷമായതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. സ്വാതന്ത്ര്യാനന്തരം ഗാന്ധി-നെഹ്‌റു കുടുംബത്തിനു പുറത്തു നിന്ന് കോൺഗ്രസ് പാർട്ടി അധ്യക്ഷന്മാരായി സേവനമനുഷ്ഠിച്ച നേതാക്കൾ ആരെല്ലാം ആണെന്ന് അറിയാം.
ജെ ബി കൃപലാനി (1947) : ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം കോൺഗ്രസിനെ നയിച്ചത് ജെ ബി കൃപലാനിയായിരുന്നു. ആചാര്യ കൃപലാനി എന്ന പേരിൽ കൂടി അറിയപ്പെടുന്ന അദ്ദേഹം സ്വാതന്ത്ര്യത്തിനായുള്ള നിരവധി പ്രസ്ഥാനങ്ങളിൽ പങ്കാളിയായിരുന്നു. നാല് തവണ ലോക്‌സഭാ എംപിയായ അദ്ദേഹം പിന്നീട് പാർട്ടി വിട്ട് കിസാൻ മജ്ദൂർ പ്രജാ പാർട്ടി രൂപീകരിച്ചു.
പട്ടാഭി സീതാരാമയ്യ (1948-49) : 1948-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പട്ടാഭി സീതാരാമയ്യ മത്സരിച്ചത്. 1952-57 കാലഘട്ടത്തിൽ മധ്യപ്രദേശ് ഗവർണറായിരുന്നു അദ്ദേഹം. ആന്ധ്രാപ്രദേശ് എന്ന പ്രത്യേക സംസ്ഥാനത്തിനായി വാദിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു പട്ടാഭി സീതാരാമയ്യ .
പുരുഷോത്തം ദാസ് ടണ്ടൻ (1950) : 1950-ൽ ജെ ബി കൃപലാനിക്കെതിരെ മത്സരിച്ചാണ് പുരുഷോത്തം ദാസ് ടണ്ടൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയത്. വർഷങ്ങൾക്കു ശേഷം, നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം ആ സ്ഥാനം രാജിവച്ചു.
യു എൻ ധേബർ (1955-59) : 1955 ൽ യു എൻ ധേബർ കോൺഗ്രസ് പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുകയും നാല് വർഷത്തോളം പാർട്ടിയുടെ അമരത്ത് തുടരുകയും ചെയ്തു. 1948-54 കാലഘട്ടത്തിൽ സൗരാഷ്ട്ര മുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
നീലം സഞ്ജീവ റെഡ്ഡി (1960-63) : 1960-ൽ ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി നീലം സഞ്ജീവ റെഡ്ഡി കോൺഗ്രസ് അധ്യക്ഷനായി. പിന്നീട് അദ്ദേഹം രാഷ്ട്രീയം വിടുകയും 1967-ൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു. ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം.
കെ കാമരാജ് (1964-67) : കോൺഗ്രസ് അധ്യക്ഷയായുള്ള ഇന്ദിര ഗാന്ധിയുടെ വളർച്ചക്കു തടയിട്ട വ്യക്തിയാണ് കെ കാമരാജ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അക്കാലത്തു പുറത്തു വന്നിരുന്നു. 'കിംഗ് മേക്കർ' എന്നറിയപ്പെടുന്ന നേതാവായ കാമരാജ്, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായുള്ള പിളർപ്പിന് ശേഷം കോൺഗ്രസ് (ഒ) രൂപീകരിച്ചു.
എസ് നിജലിംഗപ്പ (1968-69) : പാർട്ടി പിളരുന്നതിന് മുന്‍പ്, അവിഭക്ത കോൺഗ്രസ് പാർട്ടിയുടെ അവസാന പ്രസിഡന്റായിരുന്നു നിജലിംഗപ്പ. അദ്ദേഹം സിൻഡിക്കേറ്റ് നേതാക്കൾക്കൊപ്പമാണ് ചേർന്നത്.
ജഗ്ജീവൻ റാം (1970-71) : ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു ജഗ്ജീവൻ റാം . അടിയന്തരാവസ്ഥയ്ക്കുശേഷം, 1977ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നു. 1981-ൽ അദ്ദേഹം സ്വന്തം പാർട്ടിയായ കോൺഗ്രസ് (ജെ) സ്ഥാപിച്ചു. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.
ശങ്കർ ദയാൽ ശർമ (1972-74) : 1972-ൽ കൊൽക്കത്തയിൽ നടന്ന എഐസിസി സമ്മേളനത്തിലാണ് ശങ്കർ ദയാൽ ശർമ കോൺഗ്രസിന്റെ പ്രസിഡന്റായി ചുമതലയേറ്റത്. 1992 മുതൽ 1997 വരെ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദേവകാന്ത ബറുവ (1975-77) : അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി അധ്യക്ഷനായി കോൺഗ്രസിനെ നയിച്ചിരുന്ന ആളാണ് ദേവകാന്ത ബറുവ . ഇന്ദിരാഗാന്ധിയുടെ ഉറച്ച അനുയായികളിൽ ഒരാളായ അദ്ദേഹം "ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ" (India is Indira, Indira is India) എന്ന പ്രസ്താവനയുടെ പേരിൽ കൂടി ഓർമിക്കപ്പെടുന്ന ആളാണ്.
പി വി നരസിംഹ റാവു (1992-96) : രാജീവ് ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന്, 1992-ൽ റാവു കോൺഗ്രസ് അധ്യക്ഷനായി. ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹമാണ്.
സീതാറാം കേസരി (1996-98) : 1996ൽ സീതാറാം കേസരി കോൺഗ്രസിന്റെ അധ്യക്ഷനായി. 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പലരും പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് അദ്ദേഹം പാർട്ടി അധ്യക്ഷസ്ഥാനം രാജി വെച്ചു.