03 October, 2022 09:49:32 AM
പൂജ തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്
ഇൻഡോര്‍: പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യാൻ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷർമ. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടം ഒരുക്കി.
എന്നാൽ രാത്രിയായപ്പോൾ ലക്ഷ്മികാന്തിന്റെ ഇളയ മകൻ വിപുൽ പൂജാരിയെ വിളിച്ചെഴുനേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരൻ വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. പൂജാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പൂജാരിയെ രക്ഷിച്ചതും പൊലീസിൽ വിവരമിറിയിച്ചതും. തുടർന്ന് ചന്ദൻ നഗർ പൊലീസ് കേസെടുത്തു.