01 October, 2022 01:24:07 PM
സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം: ഹർജി 10ന് പരിഗണിക്കും
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ 10-ന് പരിഗണിക്കും. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ഹര്‍ജിയിൽ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹര്‍ജി സമര്‍പ്പിച്ചത്. തുടക്കം മുതല്‍ തന്നെ സംസ്ഥാനത്തെ പ്രബലരായ വ്യക്തികളുടെ ഇടപെടല്‍ കാരണം അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസിലെ നാലാം പ്രതിയുടെയും കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുടെയും സ്വാധീനം കാരണം കേസിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇതുവരെ നടന്ന സംശയാസ്പദമായ സംഭവങ്ങള്‍ കണക്കിലെടുത്ത്, എല്ലാ കുറ്റാരോപിതര്‍ക്കും സാക്ഷികള്‍ക്കും ഹാജരാകാനും സ്വതന്ത്രമായി മൊഴി നല്‍കാനും, സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കുന്നതിനും കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം എന്നാണ് ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കേസ് ബംഗളൂരുവിലേക്ക് മാറ്റുന്നതിന് ഇഡി ഹര്‍ജിയില്‍ പറയുന്ന മറ്റ് കാരണങ്ങള്‍ ഇവയാണ്:
1. വളരെ സ്വാധീനമുള്ള ഒരു പ്രതിയുടെ നിര്‍ദേശ പ്രകാരം, സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണം അട്ടിമറിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നു.
2. മൊഴികൾ പിന്‍വലിക്കാന്‍ രണ്ടാം പ്രതി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. 06.06.2022, 07.06.2022 തീയതികളില്‍ അവര്‍ നടത്തിയ പ്രസ്താവനകളില്‍ നിന്നും തുടര്‍ന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത് വ്യക്തമാണ്.
3. കേരളത്തില്‍ വിചാരണ തുടര്‍ന്നാല്‍, സ്വാധീനമുള്ള പ്രതികള്‍ കേസന്വേഷണത്തിൽ തടസങ്ങള്‍ സൃഷ്ടിക്കുകയും കൂട്ടുപ്രതികളെ സമ്മര്‍ദ്ദത്തിലാക്കുകയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും. കൂടാതെ, തെറ്റായ തെളിവുകള്‍ ഉണ്ടാക്കാനും അതുവഴി, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
4. അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കാനും ഉയര്‍ന്ന സ്വാധീനമുള്ള പ്രതികളുടേയും മറ്റ് വ്യക്തികളുടേയും സഹായത്തോടെ തുടര്‍ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
5. അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ സംസ്ഥാനത്ത് പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ 94/2021, 98/2021 എന്നീ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്.
കേസിൽ നിരവധി ഉന്നത വ്യക്തികളുടെ പങ്ക് ഇഡി അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ കേസ് പരിഗണിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സരിത് പി എസ്, സ്വപ്ന, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് 14.82 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.