25 September, 2022 03:54:53 PM
ജാര്‍ഖണ്ഡില്‍ ഇടുക്കി സ്വദേശികളെ ബന്ദികളാക്കി; പോലീസെത്തി മോചിപ്പിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ മലയാളികളെ ബന്ദികളാക്കി. ഇടുക്കി കൊച്ചാറ സ്വദേശികളായ ഷാജി, അനീഷ് എന്നിവരെയാണ് ജാര്‍ഖണ്ഡില്‍ ബന്ധികളാക്കിയത്. ബസും ഗ്രാമവാസികള്‍ തടഞ്ഞുവച്ചു. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. കേരള പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ജാർഖണ്ഡ് പോലീസ് സംഭവത്തിൽ ഇടപെട്ടത്. എന്നാൽ ബസ് ഗ്രാമത്തിൽ തന്നെ പിടിച്ചുവച്ചിരിക്കുകയാണ്.
കഴിഞ്ഞ പത്താം തീയതിയാണ് തൊഴിലാളികളുമായി ബസ് പോയത്. തൊഴിലാളികളെയും കൂട്ടി തിരിച്ചുവരാനായിരുന്നു തീരുമാനം. അതിനായി ഇവര്‍ രണ്ടുദിവസമായി കാത്തിരിക്കുകയായിരുന്നു. ശനിയാഴ്ച ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇവര്‍ക്ക് വിളിവന്നു. കേരളത്തിലേക്ക് വരാനായി 15ഓളം പേര് തയാറാണെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. ഇതനുസരിച്ച് ഇവര്‍ തൊഴിലാളികളെ കൂട്ടാനായി ഗ്രാമത്തിലേക്ക് പോയി.
ഈ സമയം ഗ്രാമത്തിലുള്ളവര്‍ ഇവരെ ബന്ദിയാക്കുകയായിരുന്നു. മുമ്പ് കേരളത്തിലേക്ക് ജോലിക്കു വന്നവര്‍ക്ക് ശമ്പളക്കുടിശിക ഉണ്ടെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. രണ്ട് ലക്ഷം രൂപ തന്നാല്‍ മാത്രമേ മോചിപ്പിക്കൂ എന്നും അറിയിച്ചു. കൂടെയുണ്ടായിരുന്നവര്‍ പോലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് ഇവരെ മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇവരെ കൊണ്ടുവരുക. കുടിശിക കിട്ടിയാല്‍ മാത്രമേ ബസ് വിട്ടുകൊടുക്കൂവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എന്നാല്‍, തമിഴ്നാട്ടിലെ ഏതോ കമ്പനിയാണ് തൊഴിലാളികളെ കബളിപ്പിച്ചതെന്നും തങ്ങള്‍ക്ക് ബന്ധമില്ലെന്നും മോചിപ്പിക്കപ്പെട്ട അനീഷ് പറഞ്ഞു.