19 September, 2022 10:21:57 PM
സോണിയ പച്ചക്കൊടി കാട്ടി; തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശശി തരൂരിന്റെ നീക്കത്തിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി. വിദേശത്ത് ചികിത്സക്കായി പോയിരുന്ന സോണിയ മടങ്ങിയെത്തിയ ശേഷം തരൂരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു തീരുമാനം. പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവര്‍ക്കൊപ്പമാണ് തരൂര്‍ ഡല്‍ഹി ജന്‍പഥിലെ വസതിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടത്.
ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഒക്ടോബര്‍ 17നാണ് പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തിരഞ്ഞെടുപ്പ്. പദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തിനകം ആരംഭിക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രാഹുല്‍ ഗാന്ധി താന്‍ മത്സരത്തിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഇതിനിടെ മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, യു പി കോണ്‍ഗ്രസ് ഘടകങ്ങളും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. ഇന്നലെ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദം ചെലുത്തുകയാണ് ഒരു വിഭാഗം നേതാക്കള്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.