17 September, 2022 02:47:49 PM
ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം ചീറ്റകളെ വരവേറ്റ് ഇന്ത്യ; കൂടുകൾ തുറന്നുവിട്ട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.
1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്. ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്.