15 September, 2022 06:04:08 AM
ഭാര്യയെ അര്‍ദ്ധനഗ്‌ന ആക്കി വെയിലത്തിരുത്തി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ജോധ്പൂർ: ജോധ്പൂരില്‍ ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്റെ വിളയാട്ടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് പിടിയിലായി ഇയാള്‍. ഭാര്യയെ അര്‍ദ്ധനഗ്‌ന ആക്കി വെയിലത്തിരുത്തിയും ക്രൂരമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ജോധ്പൂരിലെ ഫലോദി ടൗണിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ കലേഷ് സുല്‍ത്താനാണ് ഭാര്യയും മകളെയും അതിക്രൂരമായി മര്‍ദിച്ചത്. ഇയാളുടെ ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇതോടെ ജോധ്പൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഇയാള്‍ ഭാര്യയെ അസഭ്യം പറയുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അമ്മയെ മര്‍ദ്ദിക്കുന്നതിനിടയില്‍ തടസ്സം പിടിക്കാന്‍ ചെന്ന മകളെയും ഇയാള്‍ നിഷ്‌കരുണം ഉപദ്രവിക്കുന്നത് കാണാം. ഭാര്യയെ അര്‍ദ്ധനഗ്‌ന ആക്കി വെയിലത്തുരുത്തിയും ഇയാള്‍ ക്രൂരത കാണിക്കുന്നുണ്ട്. ഇയാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഭാര്യ മുറിയുടെ ഒരു മൂലയില്‍ ഇരുന്ന് കരയുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്വമേധയയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് . ഭാര്യയോ കുടുംബമോ പരാതിയൊന്നും നല്‍കാത്തതിനാല്‍ സമാധാനം തകര്‍ത്ത കുറ്റം ചുമത്തിയാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ തന്റെ ഭാര്യക്ക് മാനസികാസ്വാസ്ഥ്യം ആണെന്നും അതിന് ചികിത്സയിലാണെന്നും ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞു. ഭാര്യയെ കൊണ്ട് മടുത്തതിനാലാണ് താന്‍ മര്‍ദ്ദിച്ചതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇത് ഐപിസി 151 പ്രകാരം കുറ്റകരമാണെന്നും സമാധാനം തകര്‍ത്തതിന് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു