14 September, 2022 05:20:07 PM
മസ്കറ്റിൽ പിടിച്ചിട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ ഇന്നു രാത്രി നാട്ടിലെത്തിക്കും
മുംബൈ: പുക ഉയർന്നതിനെ തുടര്‍ന്ന് മസ്കറ്റിൽ പിടിച്ചിട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര ചെയ്യേണ്ട വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടതിനാൽ മുംബൈയിൽ നിന്നും പകരം വിമാനം മസ്കറ്റിലെത്തിച്ച് അതിലാവും യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുക. ഇന്ന് രാത്രി 9.20-ന് വിമാനം മസ്കറ്റിൽ നിന്നും പുറപ്പെടുക.
മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യഎക്സ്പ്രസ് വിമാനത്തിൽ ഇന്ന് പുക ഉയർന്നത് മസ്കറ്റ് വിമാനത്താവളത്തിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് ഇടത് വശത്തെ ചിറകിൽ നിന്നും പുക ഉയരുന്നതായി കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. മസ്കറ്റിലെ പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. വിമാനം പ്രധാന റൺവേയിൽ നിന്നും മാറ്റിയിട്ടാണ് പരിശോധന നടത്തുന്നത്.