11 September, 2022 08:22:20 AM
ഭാരത് ജോഡോ യാത്ര കേരളത്തിൽ; പാറശാലയിൽ നിന്നും പ്രയാണം ആരംഭിച്ചു
തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ആരംഭിച്ചു. രാവിലെ തിരുവനന്തപുരം പാറശാലയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ളവരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് നിലന്പൂർ വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. രാവിലെ ഏഴു മുതൽ 11 വരെയും വൈകുന്നേരം നാലു മുതൽ ഏഴു വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തിൽ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്കാരിക പ്രമുഖർ തുടങ്ങിയവരുമായി ജാഥാ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരം ജില്ലയിൽ 11, 12, 13, 14 തീയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15, 16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നു പോകുന്ന യാത്ര 17, 18, 19, 20 തീയതികളിൽ ആലപ്പുഴയിലും 21, 22ന് തീയതികളിൽ എറണാകുളം ജില്ലയിലും 23, 24, 25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27 ഉച്ചവരെയും പാലക്കാട്ടും പര്യടനം പൂർത്തിയാക്കും.
28, 29 തീയതികളിൽ മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂർ വഴി കർണാടകത്തിൽ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.