10 September, 2022 09:23:26 AM
പോപ്പുലർ ഫ്രണ്ടിന്‍റെ തീവ്രവാദ ബന്ധം: ബീഹാറിലെ 30 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
ഔറംഗബാദ്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി ബീഹാറിലെ 30 സ്ഥലങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. ആയോധനകല പരിശീലനത്തിന്റെ മറവിൽ ആയുധ പരിശീലന ക്യാമ്പുകൾ നടത്തുന്നതായി എൻഐഎയിലെ ചില ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷൻഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഈ വർഷം ജൂലൈയിലാണ് കേസ് എൻഐഎയ്ക്ക് കൈമാറിയിയത്. വിരമിച്ച ജാർഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതർ പർവേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയിൽ പട്‌നയിലെ ഫുൽവാരി ഷെരീഫ് ഏരിയയിൽ നിന്നും ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
''മുഹമ്മദ് ജലാലുദ്ദീനും അതർ പർവേസിനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല്ലാവുദ്ദീന് നേരത്തെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു. ഇവർ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വർഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും പട്‌നയിൽ ഇവരെ കാണാനെത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഐഡന്റിറ്റി മറച്ചാണ് ബീഹാറിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്നത്'', എന്നാണ് ഫുൽവാരിയിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാർ ഇവരെ അറസ്റ്റ് ചെയ്ത സമയത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
ഇംഗ്ലീഷിൽ എഴുതിയ രണ്ട് ലഘുലേഖകൾ കണ്ടെടുത്തതായും ബീഹാർ പോലീസ് പറഞ്ഞു - 'ഇന്ത്യ 2047: ടുവേർഡ് റൂൾ ഓഫ് ഇസ്‌ലാമിക് ഇന്ത്യ', 'പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, 20 ഫെബ്രുവരി, 2021' എന്നീ ലഘുലേഖകളാണ് പോലീസ് കണ്ടെത്തിയത്. 2015ൽ പിഎഫ്‌ഐ ദർഭംഗ ജില്ലാ പ്രസിഡന്റുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്നും അന്നുമുതൽ സംഘടനയുമായി ബന്ധമുണ്ടെന്നും ജലാലുദ്ദീൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറഞ്ഞിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂലൈയിൽ അന്വേഷണം ആരംഭിച്ചിരുന്നു. രാജ്യത്ത് നടന്ന പൗരത്വ (ഭേദഗതി) നിയമ വിരുദ്ധ പ്രതിഷേധങ്ങൾ, 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപം, ഉത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് സ്ത്രീയുടെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടുമൊക്കെ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്. 2006-ൽ കേരളത്തിൽ രൂപീകൃതമായ പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം ഡൽഹിയാണ്. പിഎഫ്‌ഐക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ ലഖ്‌നൗവിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഇഡി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.